2018 നവംബർ 15, വ്യാഴാഴ്‌ച

ആർത്തി പൂണ്ട മനുഷ്യൻ്റെ വിഷലിപ്തമായ സ്പർശത്താൽ കരിഞ്ഞുണങ്ങി പോയ പച്ചപ്പും വറ്റിവരണ്ട പുഴയും നിലംപരിശായ കുന്നുകളും കവിഹൃദയത്തിലുണർത്തുന്ന ഹൃദയഭേദകമായ തേങ്ങലുകളാണ് ഈ കവിതകളിൽ പ്രതിഫലിക്കുക. ജീവൻ പൂത്തുലയുന്ന ദൈവത്തിൻ്റെ കൈയ്യൊപ്പുള്ള സൃഷ്ടവസ്തുക്കളെ പിഴുതെറിഞ്ഞ് മനുഷ്യൻ സൃഷ്ടിക്കുന്ന നാഗരികതയുടെ സിമൻറ് കാടുകൾ അവൻ്റെ തന്നെ ശവക്കുഴിയായി പരിണമിക്കുമെന്ന കവിയുടെ മുന്നറിയിപ്പിന് ഏറെ ഗൗരവത്തോടെ ചെവി കൊടുക്കേണ്ടിയിരിക്കുന്നു. തേൻവരിക്കയും മധുര നാരങ്ങയും നാട്ടു മാമ്പഴവും നഷ്ടമായ നമ്മുടെ ഉണ്ണികൾക്ക് നാം വർണ്ണക്കടലാസിൽ പൊതിഞ്ഞ വിഷം വാങ്ങി കൊടുക്കുവാൻ മത്സരിക്കുന്നുവെന്ന് കവി വേദനയോടെ പരിതപിക്കുന്നു പ്രാണവായുവും ജീവജലവും സ്വന്തം ആത്മാവിനെ പോലും കമ്പോളത്തിൽ വെച്ച് വിലപേശുന്ന അണുപ്രസരണം ബാധിച്ച ആധുനിക മനസ്സുകളുടെ വികലതകളെ ഒരു കണ്ണാടിയിലെന്നപോലെ പ്രതിഫലിപ്പിക്കുവാൻ കവിക്ക്കഴിഞ്ഞിരിക്കുന്നു ദൈവത്തോടും മനുഷ്യനോടും പ്രകൃതിയോടുമുള്ള പൊക്കിൾകൊടി ബന്ധത്തെ മുറിച്ചുകളഞ്ഞ് ആത്മ നിർവൃതിയടയുവാൻ ശ്രമിക്കുന്ന ആധുനിക മനുഷ്യനുള്ള ഒരു താക്കീതായി ഈ സുന്ദര കവിതകളെ അടയാളപ്പെടുത്താം.